വിവാഹമോചനം നേടിയ ശേഷം വീണ്ടും ഒരുമിച്ച് താമസിച്ചു ; വാക്കുതര്‍ക്കത്തിനിടെ മുന്‍ ഭര്‍ത്താവിനെ തവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി 30 കാരി
സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യ തപസ്യ സിങ്ങിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
അഷിയാന സ്വദേശിയായ സോണിയാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വാക്കുതര്‍ക്കത്തിനിടെ മുന്‍ ഭര്‍ത്താവിനെ യുവതി പാചകത്തിന് ഉപയോഗിക്കുന്ന തവ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അഷിയാന സ്വദേശിയായ സോണിയാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യ തപസ്യ സിങ്ങിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. തപസ്യയുടെ ലഖ്‌നൌവില്‍ ജാനകിപുരത്തെ കൗസല്യ ഗാര്‍ഡനിലുള്ള വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനിടെ തപസ്യ സിങ്, സോണിയുടെ തലയില്‍ തവ കൊണ്ട് അടിക്കുകയും ഗുരുതരമായ പരുക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വിവാഹമോചനം നേടിയ ശേഷം അകന്ന് കഴിയുകയായിരുന്നു ഇവര്‍. അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രകോപിതയായ യുവതി അടുക്കളയിലുണ്ടായിരുന്ന ഇരുമ്പ് തവയെടുത്ത് സുരേഷിനെ തലയ്ക്കടിക്കുകയായിരുന്നു. സോണിയെ ആദ്യം ജാനകിപുരത്തെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി. എന്നാല്‍ വൈകാതെ സോണി മരണത്തിന് കീഴടങ്ങുകയായിരുന്നു.