അപകടം മനസിലാക്കിയതോടെ യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി, ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ പ്രതികരണവുമായി ക്രൂയിസ് ബോട്ടിന്റെ പൈലറ്റായ മഹേഷ് പട്ടേല്‍

ബോട്ട് വെള്ളത്തിനടിയിലായപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തിയിലായി

 

അപകടത്തിന് ശേഷം ഉണ്ടായ മാനസിക ആഘാതത്തില്‍ നിന്നും മുക്തനായിട്ടില്ലെന്നും ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മഹേഷ് പറയുന്നു

മധ്യപ്രദേശിലെ ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ പ്രതികരണവുമായി ക്രൂയിസ് ബോട്ടിന്റെ പൈലറ്റായ മഹേഷ് പട്ടേല്‍. സംഭവത്തില്‍ ഒമ്പത് പേരുടെ ജീവന്‍ നഷ്ടമായതില്‍ ക്ഷമാപണം നടത്തിയ മഹേഷ്, താന്‍ അപകടത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പരമാവധി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമവും നടത്തിയെന്നാണ് എന്‍ഡിടിവിയോട് പറഞ്ഞിരിക്കുന്നത്.

അപകടത്തിന് ശേഷം ഉണ്ടായ മാനസിക ആഘാതത്തില്‍ നിന്നും മുക്തനായിട്ടില്ലെന്നും ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മഹേഷ് പറയുന്നു. ഖമരിയ ദ്വീപില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. ശാന്തമായിരുന്ന കാലാവസ്ഥ നടുക്കടലില്‍ ബോട്ടെത്തിയപ്പോള്‍ മാറി തുടങ്ങി. കാറ്റ് ശക്തമായി മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരികെ വരാന്‍ യാതൊരു നിര്‍ദേശമോ മുന്നറിയിപ്പോ ലഭിച്ചില്ലെന്നും മഹേഷ് പറയുന്നു.

ബോട്ട് വെള്ളത്തിനടിയിലായപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ റിസപ്ഷന്‍ ഡെസ്‌കിലേക്ക് വിളിച്ച് മറ്റൊരു ബോട്ട് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കാറ്റും തിരമാലയും കനത്തപ്പോള്‍ ബോട്ട് തിരികെ കൊണ്ടുപോകാന്‍ ക്രൂവിനോട് സഞ്ചാരികള്‍ ആവശ്യപ്പെട്ടതായി പറയുന്നത് ശരിയല്ലെന്നും മഹേഷ് പറയുന്നു.
യാത്രക്കാരില്‍ പലരും നൃത്തത്തിലും ആഘോഷത്തിലും ഏര്‍പ്പെട്ടിരുന്നതിനാല്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. പലരും ലൈഫ് ജാക്കറ്റ് ഒഴിവാക്കിയിരുന്നുവെന്നും മഹേഷ് അവകാശപ്പെടുന്നുണ്ട്. തന്റെ 15വര്‍ഷത്തെ അനുഭവപരിചയത്തില്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ല. എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയതോടെ ബോട്ടിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായി. ബോട്ടിന് ഇനി തീരത്തെത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. സാധാരണ മൂന്ന് പേര്‍ക്ക് പകരം രണ്ട് ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു

അപകടം മനസിലാക്കിയതോടെ യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി. ഏറ്റവും ഒടുവിലാണ് അവിടെ നിന്നും മാറിയതെന്നും മഹേഷ് പറയുന്നു. മഹേഷ് പട്ടേല്‍ ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ അപകടത്തിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. ഈ ജോലിയില്‍ നിന്നും ലഭിച്ചിരുന്ന 27,000രൂപ ശമ്പളത്തിലാണ് തന്റെ കുടുംബം കഴിഞ്ഞിരുന്നതെന്നും ജോലി നഷ്ടമായതോടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മഹേഷ് പറയുന്നു.