‘അഫ്സ്പ’ ആറുമാസം കൂടി നീട്ടി മണിപ്പൂർ സർക്കാർ
സായുധസേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് -സ്പെഷൽ പവേഴ്സ് -ആക്ട്) ആറുമാസം കൂടി നീട്ടി മണിപ്പൂർ സർക്കാർ.
ഇംഫാൽ : സായുധസേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് -സ്പെഷൽ പവേഴ്സ് -ആക്ട്) ആറുമാസം കൂടി നീട്ടി മണിപ്പൂർ സർക്കാർ.
ഇംഫാൽ താഴ്വരയിലെ 19 പൊലീസ് സ്റ്റേഷൻ പരിധികളിലും അസമുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലും ഒഴികെ ഈ നിയമം ബാധകമാണ്. ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ഒക്ടോബർ ഒന്നുമുതൽ ആറുമാസം കൂടി അഫ്സ്പ നീട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഗവർണർ അനുമതി നൽകിയത്.
സായുധസേനകള്‍ക്ക് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അധികാരം നല്‍കുന്നതാണ് ഈ പ്രത്യേക നിയമം. മെയ്തേയി വിഭാഗത്തിന് ഭൂരിപക്ഷമുള്ളവയാണ് അഫ്സ്പയിൽനിന്ന് ഒഴിവായ പ്രദേശങ്ങൾ. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനവും മെയ്തേയികൾ ആണ്.
മണിപ്പൂരിൽ 2023 മേയ് മുതൽ മെയ്തേയി-കുക്കി സമുദായങ്ങൾ തമ്മിൽ നടന്ന കലാപത്തിൽ ഇതുവരെ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളുടെ വീടുകൾ തകർത്തു.