മണിപ്പൂരിൽ അഫസ്‌പ നീട്ടി
Mar 31, 2025, 18:50 IST
ന്യൂഡൽഹി: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫസ്‌പ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് അഫസ്‌പ നീട്ടിയത്. സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന നിയമമാണ് അഫസ്‌പ. ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ നടപടി.
അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കിയാണ് അഫസ്‌പ നീട്ടിയത്. സമീപ സംസ്ഥാനങ്ങളായ നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ആറുമാസത്തേക്ക് അഫസ്‌പ കാലാവധി നീട്ടിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗ സംഘം നടത്തിയ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.