മണിപ്പൂരിൽ അഫസ്പ പ്രഖ്യാപിച്ച് കേന്ദ്രം

 

ന്യൂഡൽഹി: മണിപ്പൂരിൽ മുഴുവൻ അഫസ്പ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ 13 പൊലീസ് സ്റ്റേഷനുകൾ ഒഴികെ മറ്റ് എല്ലാ സ്ഥലത്തും നിയമം ബാധകമാക്കിയിരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിന് പുറമേ അരുണാചൽപ്രദേശിലെ തിരാപ്, ചാങ്‍ലാങ്, ലോങ്ഡിങ് തുടങ്ങിയ ജില്ലകളിലും കരിനിയമം വ്യാപിപ്പിച്ചിട്ടുണ്ട്. 1980കൾ മുതൽ അഫസ്പ മണിപ്പൂരിൽ നിലവിലുണ്ട്. സായുധസേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫസ്പ. പല പ്രദേശങ്ങളിലും കേ​ന്ദ്രസർക്കാർ അഫ്സ പിൻവലിച്ചുവെങ്കിലും മണിപ്പൂരിൽ കലാപത്തെ തുടർന്നാണ് വീണ്ടും നിയമം കൊണ്ടുവരുന്നത്.

നിലവിൽ മണിപ്പൂർ പ്രസിഡന്റ് ഭരണത്തിലാണ്. ഫെബ്രുവരി 13 ന് മണിപ്പൂർ നിയമസഭ സസ്​പെൻഡ് ചെയ്യുകയും ഇത് രാഷ്ട്രീയമായ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2017 മുതൽ മണിപ്പൂർ സർക്കാരിനെ നയിക്കുന്നത് ബിരേൻ സിങ്ങാണ്. 21 മാസത്തെ വംശീയ കലാപത്തിന് ശേഷമാണ് ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മണിപ്പൂരിൽ നടന്ന വംശീയ കലാപങ്ങളിൽ 250 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2023 മെയിലാണ് കലാപം ആരംഭിച്ചത്. അതേസമയം, മണിപ്പൂരിലെ വിവിധ പ്രദേശങ്ങളിൽ സായുധസേന പരിശോധന നടത്തി. ഒരു റൈഫിൾ, ബോൾട്ട് ആക്ഷൻ റൈഫിൾ, ഒരു പിസ്റ്റൾ, കൺട്രി മെയ്ഡ് മോർട്ടാർ, തുടങ്ങിയ ആയുധങ്ങൾ സായുധസേന പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തോക്കുകളിൽ ഉപയോഗിക്കുന്ന ഗൺ പൗഡറും ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. ചുരാചന്ദപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടന്നത്.