മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകൾക്കും പ്രസവാവധി നിഷേധിക്കാനാവില്ല : സുപ്രീംകോടതി
ന്യൂഡൽഹി: മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകൾക്കും പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജൈവികമായ മാതൃത്വത്തിന് തുല്യമായ പരിഗണന തന്നെ ദത്തെടുക്കുന്നതിലൂടെയുള്ള മാതൃത്വത്തിനും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം 12 ആഴ്ചത്തെ അവധി നൽകിയിരുന്ന 'സോഷ്യൽ സെക്യൂരിറ്റി കോഡിലെ' വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി അത് റദ്ദാക്കി. കുടുംബം എന്നത് രക്തബന്ധത്തിലൂടെയോ പ്രസവത്തിലൂടെയോ മാത്രം ഉണ്ടാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ വ്യക്തമാക്കി.
ദത്തെടുക്കൽ എന്നത് ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനുള്ള തികച്ചും സാധുവായ മാർഗമാണ്. അതിനാൽ ദത്തെടുത്ത കുട്ടിയെ ജൈവികമായ കുട്ടിക്ക് തുല്യമായി തന്നെ കാണണം. കുട്ടിയെ ദത്തെടുക്കുമ്പോഴുള്ള പ്രായം എന്തുതന്നെയായാലും, ആ കുട്ടിയെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധവും ഒന്നുതന്നെയാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഈ വിധിയിലൂടെ ദത്തെടുക്കുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുമായി ഇണങ്ങിച്ചേരാനും അവരെ പരിഗണിക്കാനും അർഹമായ സമയം ലഭിക്കുന്നുവെന്ന് കോടതി ഉറപ്പാക്കി.
ഈ വിധി വരുന്നത് വരെ, സോഷ്യൽ സെക്യൂരിറ്റി കോഡ് (2020) അനുസരിച്ച് മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന 'അഡോപ്റ്റീവ് അമ്മമാർക്ക്' മാത്രമാണ് 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടായിരുന്നത്. എന്നാൽ ഈ പ്രായപരിധി യുക്തിസഹമല്ലെന്നും വിവേചനപരമാണെന്നുമാണ് കോടതി കണ്ടെത്തിയത്.
ഒരു കുട്ടിയെ ദത്തെടുക്കുമ്പോൾ, ആ കുട്ടിക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും മാതാപിതാക്കളുമായി മാനസികമായ ബന്ധം സ്ഥാപിക്കാനും സമയം ആവശ്യമാണ്. കുട്ടിയുടെ പ്രായം കൂടുന്തോറും ഈ പ്രക്രിയ കൂടുതൽ ശ്രദ്ധ ആവശ്യമായ ഒന്നായി മാറാം. അതുകൊണ്ട് പ്രായത്തിന്റെ പേരിൽ അവധി നിഷേധിക്കുന്നത് കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.