അദാനി ഗ്രൂപ്പ് പദ്ധതിച്ചെലവ് 99% കുറച്ചു; വൻ അഴിമതിയെന്ന് കോൺഗ്രസ്, ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പിലാക്കുന്ന 1,500 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയുടെ (തരളി പദ്ധതി) ചെലവ് 99 ശതമാനം കുറച്ചതിനെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ വർഷം 5,675 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ തുക സത്യവാങ്മൂലത്തിലൂടെ ഒറ്റയടിക്ക് 56.75 കോടി രൂപയായി കുറച്ചത് വൻ അഴിമതിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പിലാക്കുന്ന 1,500 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയുടെ (തരളി പദ്ധതി) ചെലവ് 99 ശതമാനം കുറച്ചതിനെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ വർഷം 5,675 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ തുക സത്യവാങ്മൂലത്തിലൂടെ ഒറ്റയടിക്ക് 56.75 കോടി രൂപയായി കുറച്ചത് വൻ അഴിമതിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. വിഷയത്തിൽ അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വനം വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് നൽകേണ്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കാനാണ് ഈ തിരിമറി നടത്തിയതെന്നാണ് പ്രധാന ആരോപണം. പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതിനാൽ പദ്ധതിച്ചെലവിന്റെ 4 ശതമാനം തുകയാണ് കമ്പനി വന്യജീവി സംരക്ഷണത്തിനായി നൽകേണ്ടത്. നേരത്തെ കണക്കാക്കിയ 5,675 കോടി രൂപ പ്രകാരം 227 കോടി രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത്, പുതിയ കണക്കനുസരിച്ച് ഇത് വെറും 2.27 കോടി രൂപയായി കുറഞ്ഞു.
പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മഹാരാഷ്ട്ര വനംവകുപ്പ് സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പദ്ധതിയുടെ ആകെ ചെലവ് 5,675 കോടി രൂപ തന്നെയാണെന്നും, സൈറ്റ് പരിശോധനയ്ക്കും സർവേയ്ക്കും വേണ്ടി വരുന്ന പ്രാരംഭ ചെലവാണ് 56.75 കോടി രൂപയായി കാണിച്ചതെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.