നടി കൃതി സനോന്‍ അഭിനയിച്ച രക്ഷാബന്ധന്‍ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം ; പരസ്യം പിന്‍വലിച്ച് കമ്പനി

താരം സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം

 

ബിക്കിനിയിട്ടാണോ രാഖി കെട്ടുന്നത് എന്ന അര്‍ത്ഥത്തില്‍ കൃതിയെ ട്രോളി ബോളിവുഡ് താരം കങ്കണ റണൗട്ടും രംഗത്തെത്തിയിരുന്നു.

നടി കൃതി സനോന്‍ അഭിനയിച്ച രക്ഷാബന്ധന്‍ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പരസ്യം പിന്‍വലിച്ച് ആഭരണ ബ്രാന്‍ഡായ ജിവ . പരസ്യത്തിലെ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയായിരുന്നു വിമര്‍ശനം. ബ്രാലെറ്റ് ടോപ്പും കേപ്പ് ഷ്രഗ്ഗും സ്‌കര്‍ട്ടുമായിരുന്നു കൃതിയുടെ വേഷം. ബിക്കിനിയിട്ടാണോ രാഖി കെട്ടുന്നത് എന്ന അര്‍ത്ഥത്തില്‍ കൃതിയെ ട്രോളി ബോളിവുഡ് താരം കങ്കണ റണൗട്ടും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, ഉത്സവങ്ങള്‍ എന്നിവയോട് തങ്ങള്‍ക്ക് ഏറ്റവും വലിയ ആദരവും ബഹുമാനവുമുണ്ടെന്ന് ജിവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പരസ്യത്തിലൂടെ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും ബ്രാന്‍ഡ് അറിയിച്ചു.

കുടുംബത്തോടൊപ്പം സന്തോഷകരമായ ആഘോഷങ്ങള്‍ പങ്കിടുന്നതില്‍ വിശ്വസിക്കുന്നതായും ഇത്തവണ വളര്‍ത്തു മൃഗങ്ങളെയും ആഘോഷത്തിന്റെ ഭാഗമാക്കാനാണ് ശ്രമിച്ചതെന്നും ജിവ പറഞ്ഞു. എന്നാല്‍ പരസ്യം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും ആ ബഹുമാനത്തില്‍ പരസ്യം എല്ലാ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചതായും കമ്പനി വ്യക്തമാക്കി.

ബ്രാലെറ്റ്-സ്‌കര്‍ട്ട് കോമ്പിനേഷനൊപ്പം കേപ്പും ധരിച്ചിരുന്ന താരം സഹോദരനും വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ ആഘോഷങ്ങളുടെ പവിത്രതയെ അപമാനിക്കുന്നുവെന്നും സംസ്‌കാരത്തിന് ചേരാത്ത വസ്ത്രധാരണമാണെന്നും ആരോപിച്ച് വന്‍തോതിലുള്ള ബഹിഷ്‌കരണ ആഹ്വാനമാണ് പരസ്യത്തിനെതിരെ നടന്നത്.