സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയെ ആക്രമിച്ച പ്രതികള്‍ക്ക് ജയ്ശ്രീറാം വിളിച്ച് മാലയിട്ട് സ്വീകരണം

ജൂണ്‍ പതിനഞ്ചിന് ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അഭിജീത് ദീപ്‌കെ ആക്രമിക്കപ്പെട്ടത്.

 

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് പ്രതികളെ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ ആളുകള്‍ സ്വീകരിച്ചത്.

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് വന്‍ സ്വീകരണം. ജയ്പൂരിലെ വിധായക്പുരി പൊലീസ് സ്റ്റേഷനു മുന്നില്‍വെച്ചാണ് പ്രതികളെ ആള്‍ക്കൂട്ടം മാലയിട്ട് സ്വീകരിച്ചത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് പ്രതികളെ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ ആളുകള്‍ സ്വീകരിച്ചത്. രോഹിത് ശര്‍മ(25), രാകേഷ് ഗുര്‍ജര്‍(30), അജയ് ശര്‍മ(25) കുല്‍ദീപ് ഷെകാവത്ത്(27), നികേത്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും ഇരുപതിനായിരം രൂപയുടെ ബോണ്ട് നല്‍കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

ജൂണ്‍ പതിനഞ്ചിന് ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അഭിജീത് ദീപ്‌കെ ആക്രമിക്കപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും പ്രതികള്‍ അഭിജീത് ദീപ്‌കെയുടെ മുഖത്ത് അടിക്കുകയായിരുന്നു. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അഭിജീത് ആരോപിച്ചിരുന്നു. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.