അഭിഷേക് ബാനർജിയുടെ വസതിയിൽ അർധരാത്രി പൊലീസ് റെയ്ഡ്

 

 കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ അർധരാത്രി പൊലീസ് റെയ്ഡ്. വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ 2.30ഓടെയാണ് വെസ്റ്റ് മിഡ്‌നാപൂർ പൊലീസ് അഭിഷേക് ബാനർജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. അഭിഷേക് ബാനർജിയുടെ പേഴ്സണൽ സെക്രട്ടറി സുമിത് റോയിയെ പിടികൂടാനാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇയാൾക്കെതിരെ പിടിച്ചുപറി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അർധരാത്രി വീട്ടിലെത്തിയ പൊലീസ് സംഘം പരിശോധനക്ക് അനുമതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് സംഘം ബലമായി വീട്ടിനുള്ളിൽ കടന്ന് പരിശോധന നടത്തി.

വിവരം അറിഞ്ഞ ഉടൻ തന്നെ തൃണമൂൽ അധ്യക്ഷ മമത ബാനർജി സംഭവസ്ഥലത്തെത്തി പൊലീസ് സംഘത്തെ ചോദ്യം ചെയ്തു. ഏറെനേരം നീണ്ടുനിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് സംഘം മടങ്ങി. പിന്നാലെ മമത ബാനർജിയും വസതിയിൽനിന്ന് മടങ്ങി. ശനിയാഴ്ച രാവിലെയും അഭിഷേക് ബാനർജിയുടെ വസതിയിൽ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു.

റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ അഭിഷേക് ബാനർജി തയ്യാറായില്ല. ‘അന്വേഷണ ഏജൻസികളോട് ചോദിക്കൂ’ എന്നായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.