12 കോടി പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കി ;  ഗ്യാനേഷ് കുമാറിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്‌കെ

 

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി(സിജെപി)സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുകയല്ല മറിച്ച് തിരക്കഥയെഴുതുകയാണെന്നും അഭിജീത് ദിപ്‌കെ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ച് റിപോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരേ കടുത്ത വിമർശനവുമായി ദീപ്‌കെ എത്തിയത്.

വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആർ)ബന്ധപ്പെട്ട കാര്യങ്ങളിൽ തങ്ങളെ അറിയിച്ചില്ലെന്ന് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെയാണെന്ന് ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

12 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തതായി റിപോർട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർചെയ്ത 97 കോടി വോട്ടർമാരിൽ ഏകദേശം 12 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് മൊത്തം വോട്ടർമാരുടെ 12.4% വരുമെന്നും അഭിജീത് ദിപ്‌കെ ചൂണ്ടിക്കാണിച്ചു. ഭരണപക്ഷമായ എൻഡിഎയും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നിട്ടും ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, മറിച്ച് അതിന്റെ ഫലം മുൻകൂട്ടി സ്‌ക്രിപ്റ്റ് ചെയ്യുകയാണെന്നും അഭിജീത് ദിപ്‌കെ എക്‌സിൽ കുറിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പുകമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയതാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷൻ. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുഖ്ബീറും വിവേകും പലവട്ടം വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് വിവരം. സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരേ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപോർട്ട് വെളിപ്പെടുത്തുന്നു.

മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ട എസ്‌ഐആർ നടപടികളിലാണ് പ്രധാനമായും വിയോജിപ്പുകൾ ഉയർന്നിട്ടുള്ളത്. ഫോം 6ൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന തർക്കവിഷയങ്ങളിലൊന്നായി റിപോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പുതിയ വോട്ടർമാർ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ അവസാന എസ്‌ഐആർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സാക്ഷ്യപ്പെടുത്തണമെന്ന് നിർബന്ധമാക്കിയ മാറ്റം നവവോട്ടർമാരെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സന്ധുവും ജോഷിയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ പരിഷ്‌കരണ നടപടികൾ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുപോലെ തള്ളിക്കളയുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ രാജ്യത്ത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

എന്നാൽ, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം(എസ്‌ഐആർ)ഉൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നെന്ന് കമ്മീഷൻ വൃത്തങ്ങൾ പിന്നീട് പ്രതികരിച്ചു. കമ്മീഷന്റെ ആഭ്യന്തര ചർച്ചകളിൽ അംഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അന്തിമമായി കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും മൂന്ന് അംഗങ്ങളുടെയും അംഗീകാരമുണ്ടായിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി.