അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പൊലീസ് വിമാനത്തിൽ കയറി തടവിലാക്കി
ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സിജെപി സ്ഥാപക നേതാവ് അഭിജിത് ദിപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിനായി എത്തിയ ഇവരെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കാതെ ഡൽഹി പൊലീസ് വിമാനത്തിൽ കയറി നാടകീയ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദില്ലി : ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സിജെപി സ്ഥാപക നേതാവ് അഭിജിത് ദിപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിനായി എത്തിയ ഇവരെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കാതെ ഡൽഹി പൊലീസ് വിമാനത്തിൽ കയറി നാടകീയ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കൾ എത്തുന്നതറിഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവ സന്നാഹവുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. മറ്റ് യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പൊലീസ് വിമാനത്തിൽ കയറി സി.ജെ.പി. നേതാക്കളെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്.
വോട്ടർപ്പട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കസ്റ്റഡി. പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി സി.ജെ.പി. നേതാക്കൾ സ്ഥിരീകരിച്ചു.
സമരത്തെ അടിച്ചമർത്താൻ വൻ സുരക്ഷാ സന്നാഹമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സമരത്തിന് ജന്തർ മന്തറിൽ എത്തുന്നതു തടയാനാണ് ഡൽഹി പൊലീസ് ഈ നീക്കം നടത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനിതകൾ അടക്കം ആയിരക്കണക്കിന് പേരെ ഇതിനകം പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.