ഭഗവന്ത് മന്‍ അടക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി

സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തുവിട്ടതിലൂടെ പാര്‍ട്ടിയുടെ ആത്മ വിശ്വാസമാണ് പ്രകടമായിരിക്കുന്നതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.

 

വെളളിയാഴ്ച്ച ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി. നാല്‍പ്പത് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ധുരിയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവത് മന്‍ മത്സരിക്കും. മുന്‍ മന്ത്രി സഞ്ജീവ് അറോറ ലുധിയാന വെസ്റ്റില്‍ നിന്ന് മത്സരിക്കും. വെളളിയാഴ്ച്ച ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. അരവിന്ദ് കെജ്രിവാളിന് പുറമേ മനീഷ് സിസോദിയ, പഞ്ചാബ് ആം ആദ്മി അധ്യക്ഷന്‍ അമാന്‍ അറോറ, ഹര്‍പ്പാല്‍ ചീമ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തുവിട്ടതിലൂടെ പാര്‍ട്ടിയുടെ ആത്മ വിശ്വാസമാണ് പ്രകടമായിരിക്കുന്നതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു.

സ്പീക്കര്‍ കുല്‍തര്‍ സിങ് കോട്കപുരയില്‍ നിന്നും മത്സരിക്കും. കളളപ്പണ ഇടപാട് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സഞ്ജീവ് അറോറ ലുധിയാന വെസ്റ്റില്‍ നിന്ന് മല്‍സരിക്കും. ഇക്കഴിഞ്ഞ മെയിലായിരുന്നു കള്ളപ്പണ ഇടപാട് കേസില്‍ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിലാണ് സഞ്ജീവുള്ളത്. 157.12 കോടിയുടെ കള്ളപ്പണ ഇടപാട് കേസായിരുന്നു സഞ്ജീവിനെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ഹാംറ്റന്‍ സ്‌കൈ ലിമിറ്റഡുമായി ബന്ധപ്പെട്ട വ്യാജ ജിഎസ്ടി ബില്‍ ആരോപണവും സഞ്ജീവിനെതിരെയുണ്ട്.

ബറ്റാലയില്‍ നിന്ന് അമന്‍ഷെര്‍ സിങായിരിക്കും മത്സരിക്കുക. അജ്‌നാലയില്‍ നിന്ന് കുല്‍ദീപ് സിങും അമൃത്സര്‍ സൗത്തില്‍ നിന്ന് ഡോ. ഇന്ദര്‍ബീര്‍ സിങും മത്സരിക്കും. തരണ്‍ തരണില്‍ ഹര്‍മീത് സിങായിരിക്കും മത്സരിക്കുക. സര്‍വാന്‍ സിങ് ഖേം കരണിലും ഇന്ദര്‍ജിത് കൗര്‍ നകോദറില്‍ നിന്നും മത്സരിക്കും. കര്‍താര്‍പൂര്‍-ബല്‍ക്കര്‍ സിങ്, ദസൂയ-കരംബീര്‍ സിങ്, ഉര്‍മര്‍-ജസ്വീര്‍ സിങ്, ഹോഷിയാര്‍പൂര്‍- ബ്രം ശങ്കര്‍ എന്നിവരും മത്സരരംഗത്തുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട പേരുകള്‍ രാഷ്ടീയകാര്യ സമിതി അംഗീകരിച്ചു. ഫെബ്രുവരിയിലോ മാര്‍ച്ചിലോയായിരിക്കും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക.