ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞ നവ വധു ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
. ഹരിയാനയിലെയും രാജസ്ഥാനിലെയും നിരവധി യുവാക്കളാണ് ഇവരുടെ തട്ടിപ്പിനിരയായത്.
അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു വിവാഹം
രാജസ്ഥാനിലെ അല്‍വാറില്‍ നവവധു ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. രേഖ കൗര്‍ എന്ന യുവതിയാണ് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. 2025 ജൂണിലാണ് സംഭവം നടന്നത്. യുവതിയെ ഇപ്പോഴാണ് പൊലീസ് പിടികൂടുന്നത്.2025 മെയ് 26നായിരുന്നു രേഖ കൗറിന്റെയും വിക്രം ജിത്ത് സിങ് എന്ന യുവാവിന്റെയും വിവാഹം.
അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു വിവാഹം. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിച്ചെന്ന രേഖയുടെയും അവരുടെ അമ്മായി പിങ്കി കൗറിന്റെയും ഉറപ്പില്‍ ദമ്പതികള്‍ കോടതി അംഗീകരിച്ച ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കരാര്‍ മെയ് 9ന് ഒപ്പുവെച്ചിരുന്നു. എന്നാല്‍ രേഖ ഇപ്പോഴും വിവാഹിതയാണ്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇവര്‍ പണവും സ്വര്‍ണവുമായി മുങ്ങിയത്. ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കുകയും ഇവര്‍ ആശുപത്രിയിലാകുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം ആശുപത്രിയിലായിരുന്ന സമയം ഇവര്‍ പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മുപ്പതിനായിരം രൂപയുമാണ് ഇവര്‍ മോഷ്ടിച്ചത്.
അന്വേഷണത്തില്‍ രേഖയും അവരുടെ അമ്മായി പിങ്കി കൗറും ഇത്തരത്തില്‍ യുവാക്കളെ കെണിയില്‍പ്പെടുത്തി തട്ടിപ്പ് നടത്തുന്നതായി വ്യക്തമായി. ഹരിയാനയിലെയും രാജസ്ഥാനിലെയും നിരവധി യുവാക്കളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ആദ്യം വിക്രം ജിത്ത് പൊലീസിന് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.