മുംബൈയില് രജിസ്റ്റര് ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയില് പിടിയിലായി
പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നല്കിയവരെയും കണ്ടെത്തി കേസില് പ്രതി ചേര്ക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
തട്ടിപ്പ് വിവരം പുറത്തുവരികയും കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തതോടെ എറണാകുളം ബ്രാഞ്ചില് ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ശ്രുതി സി.ആര് ഒളിവില് പോവുകയായിരുന്നു
മുംബൈ മാഹിം പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയില് പിടിയിലായി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി ശ്രുതി സി.ആര് (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്. ജോലി ചെയ്തിരുന്ന കമ്പനിയില് നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില് കമ്പനി എം.ഡി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഹിം പോലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തത്. കേസില് ആകെ രണ്ട് പ്രതികളാണുള്ളത്. കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ മുംബൈ ന്യൂ പ്രഭാദേവി റോഡ് സ്വദേശി ശ്രുതി സഞ്ജയ് വലവാല്ക്കറിനെ 2026 ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പ് വിവരം പുറത്തുവരികയും കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തതോടെ എറണാകുളം ബ്രാഞ്ചില് ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ശ്രുതി സി.ആര് ഒളിവില് പോവുകയായിരുന്നു. തുടര്ന്ന് മുംബൈ ഹൈക്കോടതിയില് ജാമ്യാപേക്ഷ ഫയല് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ 57 ദിവസമായി ഒളിവില് കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി മുംബൈ പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടുകയായിരുന്നു. എറണാകുളം സെന്ട്രല് എ.സി.പി സിബി ടോമിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാക്കനാട് നിലം പതിഞ്ഞമുകളിലെ 'സൊലാസ് വില്ലേജ് ആല്ഫാ റസിഡന്സിയില്' ഒളിവില് കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്ന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി ട്രാന്സിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോയി.
പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നല്കിയവരെയും കണ്ടെത്തി കേസില് പ്രതി ചേര്ക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.