ഓട്ടോയില്‍ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിക്കുകയും ഇരുമ്പു കമ്പിയില്‍ ഇടിപ്പിക്കുകയും ചെയ്ത സംഭവം ; കൊലപാതക ശ്രമം ഉള്‍പ്പെടെ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു

കാലില്‍ പിടിച്ച് കുട്ടിയെ ഉയര്‍ത്തി തല നിലത്തടിക്കുകയായിരുന്നു

 

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ വസായില്‍ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ ക്രൂരമായ പ്രതികാരം. നാലുവയസ്സുകാരനായ വിഗ്‌നേഷിനെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിക്കുകയും ഇരുമ്പ് കമ്പിയില്‍ ഇടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വസായ് സ്വദേശി സന്ദീപ് പന്തുറങ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖര്‍ കോംപ്ലക്‌സിന് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്, പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മില്‍ മുന്‍പ് ചെറിയൊരു വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ പക മനസ്സില്‍ വെച്ചാണ് സന്ദീപ് ക്രൂരത കാട്ടിയത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു വിഗ്‌നേഷ്. ഓട്ടോയില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.

കാലില്‍ പിടിച്ച് കുട്ടിയെ ഉയര്‍ത്തി തല നിലത്തടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെയും പ്രതി വെറുതെ വിട്ടില്ല. വിഗ്‌നേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച അവരെയും സന്ദീപ് ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിഗ്‌നേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോകാന്‍ ശ്രമിച്ച സന്ദീപിനെ വസായ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.