വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി
കർണാടകയിലെ ബാഗൽകോട്ടിൽ പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്
യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു.
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് .യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീൺ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
എന്നാൽ, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീൺ ഭാഗ്യശ്രീയെ മരത്തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.