മിശ്രവിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച 19 കാരിയെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി കൊലപ്പെടുത്തി പിതാവ്

യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

 

കുടുംബത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ജാതിമാറി വിവാഹം കഴിച്ചതുമുതല്‍ യുവതിക്ക് മാതാപിതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു എന്ന് പൊലീസ് പറയുന്നു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19 കാരിയെ പിതാവ് പോലീസ് സ്റ്റേഷനില്‍ വെച്ച് കുത്തിക്കൊന്നു.ഉത്തര്‍പ്രദേശിലെ ബന്ദാ ജില്ലയിലെ ബദൗസ പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മിശ്രവിവാഹവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന കൗണ്‍സിലിംഗിനിടെ യുവതിയെ പിതാവ് കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ജാതിമാറിയുള്ള വിവാഹത്തെച്ചൊല്ലി കുടുംബത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി യുവതിയും ഭര്‍ത്താവും ഇവരുടെ കുടുംബാംഗങ്ങളും പോലീസ് സ്റ്റേഷനില്‍ വന്നിരുന്നു..\


കുടുംബത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ജാതിമാറി വിവാഹം കഴിച്ചതുമുതല്‍ യുവതിക്ക് മാതാപിതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു എന്ന് പൊലീസ് പറയുന്നു. ബന്ധം അവസാനിപ്പിക്കണമെന്നും ജാതിക്ക് പുറത്തുനിന്നുള്ള വിവാഹം കുടുംബത്തിന് വലിയ അപമാനവും ദോഷവും വരുത്തിവെക്കുമെന്നും പറഞ്ഞ് കുടുംബാംഗങ്ങള്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുമെന്ന തീരുമാനത്തില്‍ യുവതി ഉറച്ചുനില്‍ക്കുകയായിരുന്നു.
വിവാഹത്തെച്ചൊല്ലി കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നാണ് യുവതിയെയും ഭര്‍ത്താവിനെയും കണ്ടെത്തി കൗണ്‍സിലിംഗിനായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് ബന്ദാ പോലീസ് സൂപ്രണ്ട് (എസ്.പി) പലാഷ് ബന്‍സാല്‍ പറഞ്ഞു. ബദൗസ പോലീസ് സ്റ്റേഷനില്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് പുരോഗമിക്കുന്നതിനിടയിലാണ് പ്രതി മകളെ കത്തികൊണ്ട് ആക്രമിച്ചതെന്നും മാരകമായി പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൗണ്‍സിലിംഗിനിടെ, താന്‍ ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കുമെന്ന് യുവതി ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെയാണ് അവിടെയുണ്ടായിരുന്ന അന്തരീക്ഷം വഷളായത്. യുവതിയുടെ ഈ പ്രസ്താവന പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് പിതാവ് ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്ത് പോലീസുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച് യുവതി നിലത്തു വീണതോടെ പോലീസുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിയെ തടയാന്‍ ഓടിയെത്തി. ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആക്രമണത്തിന് നേരിട്ട് സാക്ഷിയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്ത് തന്നെ ബോധരഹിതയായി വീണു.