ജഹാംഗീർപുരിയിൽ ദേശീയ പതാകയും ഹിന്ദു വിഗ്രഹവും നശിപ്പിച്ചെന്ന് വിഎച്ച്പി നേതാവ്

 

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രേം ശർമയെ ജാമ്യത്തിൽ വിട്ടു. ശനിയാഴ്‌ച ശോഭ യാത്ര സംഘടിപ്പിക്കാൻ പോലീസിൽ നിന്ന് അനുമതി ലഭിച്ചിരുന്നതായി പ്രേം ശർമ ജാമ്യം കിട്ടിയതിന് ശേഷം പറഞ്ഞു.

“മഹേന്ദ്ര പാർക്ക്, ജഹാംഗീർപുരി എന്നീ രണ്ട് പോലീസ് സ്‌റ്റേഷനുകളിൽ നിന്ന് ഞങ്ങൾ അനുമതി വാങ്ങിയിരുന്നു. ഈ ഘോഷയാത്ര എല്ലാ വർഷവും കുഴപ്പമില്ലാതെ നടത്തപ്പെടുന്നു. 400ലധികം പേർ പങ്കെടുക്കുമെന്നും മ്യൂസിക് സിസ്‌റ്റം ഉണ്ടാകുമെന്നും ഞങ്ങൾ പോലീസിനോട് പറഞ്ഞിരുന്നു. ഞങ്ങൾ അവരെ റൂട്ട് പോലും അറിയിച്ചു. ഞങ്ങൾ പോലീസിനോട് മുൻകൂട്ടി പറഞ്ഞില്ലെങ്കിൽ, 15-20 പോലീസുകാരും അവരുടെ വാഹനങ്ങളും ഞങ്ങളോടൊപ്പം എങ്ങനെ നിലയുറപ്പിച്ചു? ഞങ്ങൾ എല്ലാം പോലീസിനോട് പറഞ്ഞിരുന്നു,” പ്രേം ശർമ പറഞ്ഞു.

ശനിയാഴ്‌ച നടന്ന സംഘർഷത്തിൽ ഒരു ഹിന്ദു വിഗ്രഹത്തിനും ദേശീയ പതാകക്കും കേടുപാടുകൾ സംഭവിച്ചതായും പ്രേം ശർമ ആരോപിച്ചു. “ഘോഷയാത്രക്കിടെ ബാലാജി വിഗ്രഹം തകർക്കപ്പെട്ടു. ദേശീയ പതാകക്ക് കേടുപാടുകൾ സംഭവിച്ചു. എന്തിനാണ് ഞങ്ങളെ അറസ്‌റ്റ് ചെയ്യുന്നത്? കല്ലും വാളും ഉപയോഗിച്ചവർക്കെതിരെ നടപടിയെടുക്കണം. ചുറ്റും നിന്ന് കല്ലേറുണ്ടായി. ഞങ്ങൾ ജീവനും കൊണ്ട് ഓടാൻ ശ്രമിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ആണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്നുണ്ടായ അക്രമത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് അറിയിച്ചു.