ഉത്തർ പ്രദേശിൽ മകനെയും മരുമകളെയും മുറിയിൽ പൂട്ടിയിട്ടു : രക്ഷിക്കാൻ വന്ന പൊലീസിന് നേരെ വെടിയുതിർത്ത വയോധികൻ അറസ്റ്റിൽ

 

കാൺപൂർ: ഉത്തർ പ്രദേശിലെ ചകേരിയിൽ മകനെയും മരുമകളെയും വയോധികൻ മുറിയിൽ പൂട്ടിയിട്ടു. ഇവരെ രക്ഷിക്കാൻ വന്ന പൊലീസിനെ നേരെയും ഇയാൾ വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിൽ സബ് ഇൻസ്പെക്ടർക്കും രണ്ടു കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് സംഭവം. ഷെയർ മാർക്കറ്റ് ഇടപാട് നടത്തുന്ന രാജ് കുമാർ ദുബെ (54) എന്നയാളാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) പ്രമോദ് കുമാർ പറഞ്ഞു. മകൻ സിദ്ധാർത്ഥിനെയും മരുമകൾ ഭാവനയെയുമാണ് പ്രതി വീട്ടിലെ മുറിയിൽ പൂട്ടിയിട്ടത്. തന്നെയും ഭർത്താവിനെയും മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മരുമകൾ വിളിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം അവിടേക്ക് എത്തിയത്. വീട്ടിലെത്തിയ പൊലീസ് ഇവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതിനിടെക്കാണ് വീടിന്റെ മുകളിൽ നിലയിലേക്ക് പോയ പ്രതി തന്റെ ലൈസൻസുള്ള ഡബിൾ ബാരൽ തോക്കിൽ നിന്ന് പൊലീസുകാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങിയത്. വെടിവെപ്പിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സാരമായ പരിക്കേറ്റെന്നും ഡി.സി.പി പറഞ്ഞു.

തുടർന്ന്, എസിപി (കന്റോൺമെന്റ്) മൈഗ്രാങ്ക് ശേഖറിന്റെയും ഡി.സി.പി കുമാറിന്റെയും നേതൃത്വത്തിൽ അഡീഷണൽ പൊലീസ് സേന അവിടെയെത്തി ദുബെയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ വീട്ടിൽ കയറാൻ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ വെടിവെയ്പ്പ് അവസാനിപ്പിക്കൂ എന്നും അയാൾ വാശിപിടിച്ചു. മറ്റ് മാർഗങ്ങളില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ 'വ്യാജ' സസ്‌പെൻഷൻ ലെറ്റർ ഉണ്ടാക്കുകയും അതിന്റെ പകർപ്പ് പ്രതിയുടെ മൊബൈൽ ഫോണിലേക്ക് അയക്കുകയും ചെയ്തു.

തുടർന്ന് താഴെയിറങ്ങിയ ദുബെയെ അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. പരിക്കേറ്റ സബ് ഇൻസ്പെക്ടർ ഹിമാൻഷു ത്യാഗി, കോൺസ്റ്റബിൾമാരായ രാം രത്തൻ, അശ്വനി കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.