ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കമൽനാഥ്

 

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കോവിഡ്. മഹാരാഷ്ട്രയിലെ സ്ഥിതി വിലയിരുത്താനെത്തിയ കോൺഗ്രസ് നിരീക്ഷകൻ കമൽനാഥാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ 44 എം.എൽ.എമാരിൽ 41 പേരും യോഗത്തിനെത്തി. മൂന്ന് പേർ വന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് കമൽനാഥ് പറഞ്ഞു.

ബി.ജെ.പി പണവും അധികാരവും ഭരണഘടനക്കെതിരെ ഉപയോഗിക്കുകയാണ്. ഇത് പല സ്ഥലങ്ങളിലും നമ്മൾ കണ്ടതാണ്. ശിവസേന നേതാവ് ഉദ്ദവ് താക്കറെക്ക് കീഴിൽ ഞങ്ങൾ ശക്തരായി തുടരുമെന്ന് കമൽനാഥ് പറഞ്ഞു. അതേസമയം, മന്ത്രിസഭ യോഗത്തിന് പിന്നാലെ നിയമസഭ പിരിച്ചുവിടു​മെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സേന വക്താവ് സഞ്ജയ് റാവത്ത് ഇതുസംബന്ധിച്ച സൂചന നൽകി. നിലവിൽ മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാൻസഭ പിരിച്ചു വിടുന്നതിലേക്ക് നയിക്കുമെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വീഴുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ ട്വിറ്റർ ബയോയിൽ നിന്നും മന്ത്രിയെന്ന പേര് നീക്കിയതും അഭ്യൂഹങ്ങൾ ആക്കം കൂട്ടി. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പാളിയതോടെയാണ് നിയമസഭ പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശിവസേന എത്തിയതെന്നാണ് സൂചന.