ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകുന്നത് തുടരും; ഇന്ത്യയെ പ്രകീർത്തിച്ച് ഐഎംഎഫ്

 

 

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായങ്ങൾ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ശ്രീലങ്കൻ ധനമന്ത്രി അലി സബ്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഷിങ്‌ടണില്‍ നടന്ന ഐഎംഎഫ്-ലോക ബാങ്ക് സംയുക്‌ത യോഗത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ച നടന്നത്.

ശ്രീലങ്കയ്‌ക്ക് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ ഐഎംഎഫ് മേധാവി ക്രിസ്‌റ്റലീന ജോര്‍ജിയേവ പ്രകീര്‍ത്തിച്ചു. ശ്രീലങ്കയ്‌ക്ക് ഐഎംഎഫ് നല്‍കിവരുന്ന സഹായങ്ങള്‍ തുടരുമെന്നും അവർ വ്യക്‌തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്‌തുക്കള്‍, ഇന്ധനം തുടങ്ങിയവക്ക് വലിയ ക്ഷാമമാണ് ശ്രീലങ്കയില്‍ അനുഭവപ്പെടുന്നത്. വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ വലിയ പ്രക്ഷോഭം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ 150 കോടി ഡോളറിലധികം സഹായധനമായി ഇന്ത്യ നല്‍കിയിരുന്നു.

ഐഎംഎഫിൽ നിന്ന് സഹായം ലഭിക്കുന്നത് വരെ ഇടക്കാല ധനസഹായം തുടരണമെന്ന് ശ്രീലങ്ക ഇന്ത്യയോട് അഭ്യർഥിച്ചു. ഐഎംഎഫിൽ നിന്നുള്ള സഹായമെത്താൻ ഇനിയും നാല് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് ശ്രീലങ്ക ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധി മൂലം താറുമാറായ ശ്രീലങ്കയെ കൈപിടിച്ചുയർത്താൻ ആദ്യം മുന്നോട്ടുവന്ന രാജ്യം ഇന്ത്യയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. സഹകരണം ശക്‌തമാക്കാനും ദീർഘകാലത്തേക്ക് നിലനിർത്താനുമുള്ള ശ്രമങ്ങളാണ് ശ്രീലങ്ക നടത്തുന്നത്.