2023 ഓടെ രാജ്യത്തെ 1,253 റെയിൽവെ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് റെയിൽവെ മന്ത്രി

 

ന്യൂഡൽഹി: നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി രാജ്യത്തെ 1,253 റെയിൽവെ സ്റ്റേഷനുകൾ തെരഞ്ഞെടുത്തുവെന്നും 2023 ഓടെ നവീകരണം പൂർത്തിയാക്കുമെന്നും റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യസഭയിൽ ബി.ജെ.പി എം.പി നർഹാരിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റെയിൽവെ മന്ത്രാലയം റെയിൽവെ സ്റ്റേഷനുകളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീകരണത്തിനായി തെരഞ്ഞെടുത്തത് 1,253 സ്റ്റേഷനുകളാണ്. അവയിൽ 1,215സ്റ്റേഷനുകളിൽ നവീകരണം നടന്നിട്ടുണ്ട്. ബാക്കിയുള്ളവ 2022-2023 സാമ്പത്തിക വർഷത്തിൽ ആദർശ് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകളുടെ പ്രധാന നവീകരണത്തിനായി പുതിയ പദ്ധതി അടുത്തിടെ ആരംഭിച്ചതായും റെയിൽവെ മന്ത്രി രാജ്യസഭയെ അറിയിച്ചു. ഈ പദ്ധതിക്ക് കീഴിൽ നവീകരണത്തിനായി ഇതുവരെ 52 സ്റ്റേഷനുകൾ തെരഞ്ഞെടുത്തു. നവീകരണ പ്രവർത്തികൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 2,344.55കോടി വകയിരുത്തിയതായും നടപ്പ് സാമ്പത്തിക വർഷത്തിൽ 2,700കോടി മാറ്റിവെച്ചതായും അദ്ദേഹം പറഞ്ഞു.