ന്യൂനപക്ഷത്തെ രണ്ടാം തരം പൗരന്മാരാക്കുന്നത് ഇന്ത്യയെ വിഭജിക്കും : രഘുറാം രാജൻ

 

റായ്പൂർ: ഉദാര ജനാധിപത്യത്തെയും അതിന്‍റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ ഭാവിയെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനയായ ആൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിന്റെ അഞ്ചാമത് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷവാദത്തിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഒരു രാജ്യത്തെ രാഷ്ട്രീയക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് തൊഴിൽ പ്രതിസന്ധിയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ശ്രീലങ്കയെന്നും വ്യക്തമാക്കി.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ആശങ്ക പങ്കുവച്ചു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റുന്നത് ഇന്ത്യയെ വിഭജിക്കുമെന്നും രാജന്‍ മുന്നറിയിപ്പു നൽകി. ഇന്ത്യൻ സാമ്പത്തിക വികസനത്തിൽ എന്തു കൊണ്ട് ഉദാര ജനാധിപത്യം ഉണ്ടാകണം എന്ന വിഷയത്തിലായിരുന്നു രാജന്റെ സംസാരം.

'ഈ രാജ്യത്തെ ഉദാര ജനാധിപത്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന് ഇത് അത്യാവശ്യമാണോ? നമ്മൾ തീർച്ചയായും അതിനെ ശക്തിപ്പെടുത്തണം. ഇന്ത്യയിൽനിന്ന് ജനാധിപത്യം തിരിച്ചുനടക്കുന്ന എന്ന തോന്നൽ ചില ഭാഗങ്ങളിലുണ്ട്. ഇന്ത്യക്ക് വളരാൻ ശക്തവും സ്വേച്ഛാധിപത്യപരവുമായ നേതൃത്വം ആവശ്യമാണെന്ന തോന്നലുണ്ട്, ഈ ദിശയിലേക്കാണ് നമ്മൾ നീങ്ങുന്നതും. ഈ വാദം തീർത്തും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകളും ആശയങ്ങളുമല്ല, ചരക്കുകൾക്കും മൂലധനത്തിനും പ്രാധാന്യം നൽകുന്ന ഒരു കാലഹരണപ്പെട്ട വികസന മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് അത്' -മുൻ ഐ.എം.എഫ് തലവൻ പറഞ്ഞു.

ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തെ എതിർത്തു തോൽപ്പിക്കണം. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കുന്നത് രാജ്യത്തെ വിഭജിക്കും. ആഭ്യന്തര അവജ്ഞ സൃഷ്ടിക്കും. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ദുർബലമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.