'ജയിലിനുള്ളിലെ വി.ഐ.പി പരിഗണന ഇനി വേണ്ട': പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍

 

ചണ്ഢിഗഡ്: സംസ്ഥാനത്തെ ജയിലുകളില്‍ നിലനില്‍ക്കുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.

ജയിലുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം വരുന്ന തിരുത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മാന്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും ഉപയോഗിക്കുന്ന 700ലധികം മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ വിവിധ ജയിലുകളില്‍ നടത്തിയ തെരച്ചിലില്‍ നിന്ന് കണ്ടെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ജയിലുകളിലുള്ള ഗുണ്ടാസംഘങ്ങളുടെയും ക്രിമിനലുകളുടെയും ശൃംഖല അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

നിയമം ലംഘിച്ചതിന് കോടതി ശിക്ഷിച്ചവരാണ് ജയിലുകളില്‍ കഴിയുന്നത്. അവര്‍ക്ക് ജയിലുകളില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും മാന്‍ വ്യക്തമാക്കി.

കോടതി ശിക്ഷിച്ച ഒരാള്‍ക്ക് എങ്ങനെ ജയിലില്‍ വി.ഐ.പി ആകാന്‍ കഴിയും എന്നത് ആശ്ചര്യകരണമാണെന്നും അദ്ദേഹം പറഞ്ഞു.