പുതിയതും വികസിതവുമായ ഇന്ത്യക്കായി വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
 

 

ദില്ലി: പുതിയതും വികസിതവുമായ ഇന്ത്യക്കായി വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.  ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് നില്‍ക്കാനും മാതാപിതാക്കളെ എപ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാഷ്ട്രപതി കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്‌കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 

ഓരോ പുതിയ തലമുറയും പുതിയ സാധ്യതകളും പുതിയ സ്വപ്നങ്ങളുമാണ് കൊണ്ടുവരുന്നത്. വിവര സാങ്കേതിക വിദ്യയുടെ പുതിയയുഗമാണിത്. വിവിധ ഗാര്‍ഹിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്മാരാണ്. സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ അറിവും വിവരങ്ങളും ഇപ്പോള്‍ അവരുടെ വിരല്‍ത്തുമ്പിലാണ്. അതിനാല്‍, അവരെ ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങളിലും ചര്‍ച്ചകളിലും അവരെ ഉള്‍പ്പെടുത്തുന്നതിനും കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.

പുതിയതും വികസിതവുമായ ഇന്ത്യക്കായി വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളെ ഉപദേശിച്ച രാഷ്ട്രപതി, ഇന്നത്തെ സ്വപ്നങ്ങള്‍ നാളെ യാഥാര്‍ത്ഥ്യമായേക്കാം എന്നും പറഞ്ഞു.  ഇന്ന് അവര്‍ തിരഞ്ഞെടുക്കുന്ന പാത വരുംനാളുകളിലെ ഇന്ത്യയുടെ യാത്രയെ നിര്‍ണയിക്കും. അവര്‍ വളരുമ്പോഴും അവരുടെ ഉള്ളിലെ കുഞ്ഞിനെ സജീവമായി നിലനിര്‍ത്താന്‍ രാഷ്ട്രപതി ഉപദേശിച്ചു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ് നവംബര്‍ 14 ശിശുദിനമായി ആചരിക്കുന്നത്.