അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ്'; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെയാണ് ജെഎന്‍യുവില്‍ സംഘര്‍ഷമുണ്ടായത്.
 

ജെഎന്‍യുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുള്‍പ്പെടെ നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെയാണ് ജെഎന്‍യുവില്‍ സംഘര്‍ഷമുണ്ടായത്.
ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറും സംഘര്‍ഷവുമുണ്ടായതോടെ എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തുകയായിരുന്നു. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കല്ലേറില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനുമുന്നിലും പ്രതിഷേധമെത്തിയതോടെ പൊലീസ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായി. കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ തടഞ്ഞുവച്ചെങ്കിലും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.