ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ പോക്സോ കേസ് ഇല്ലാതാകില്ല: സുപ്രീംകോടതി
ഇരയും കുററാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായാല്‍ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കന്‍ കഴിയില്ലന്ന് സുപ്രീംകോടതി. മുസ്ളിം യൂത്ത് ലീഗ് നേതാവും ഉറദു അധ്യാപകനുമായ ഹഫ്സല്‍ റഹ്മാന് എതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ ഉത്തരവ് നല്‍കിയത്.
മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സല്‍ റഹ്മാന് എതിരെയാണ് പോക്സോ കേസുണ്ടായത്. 2018 നവംബറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു കേസ് എടുത്തത്. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് കാണിച്ച് ഇരകളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. പോക്സോ കേസുകളില്‍ പ്രതിയുമായി ഇരകള്‍ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയില്ലെന്നും ഇക്കാര്യം സുപ്രീം കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, ഹൈക്കോടതിയില്‍ കേസ് നടന്നിരുന്ന സമയത്ത് കുട്ടികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ഹഫ്സല്‍ റഹ്മാന് വേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് വാദിച്ചു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അപ്പോഴാണ് ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്