ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി
 

ന്യൂഡൽഹി/ ഭോപാൽ : രാജസ്ഥാനിലെ ജോധ്പുരിൽ ചെറിയ പെരുന്നാൾ ദിനത്തിലുണ്ടായ സാമുദായിക സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടി. പ്രദേശത്തെ ക്രമസമാധാന നില സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വദേശമായ ജോധ്പുരിൽ ചൊവ്വാഴ്ചയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയത്. ജലോരി ഗേറ്റ് സർക്കിളിൽ ഒരുവിഭാഗത്തിന്റെ പതാക സ്ഥാപിക്കാനുള്ള ശ്രമമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കല്ലേറിനിടെ 5 പൊലീസുകാർക്കും പരുക്കേറ്റു. ഇവിടെ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു.

ഇതിനിടെ, ഏപ്രിൽ 10നു രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ മധ്യപ്രദേശിലെ ഖർഗോണിലും സ്ഥിതി ശാന്തമായതിനെ തുടർന്ന് കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇന്നലെ വിളിച്ചുചേർത്ത സമാധാനയോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.