ജലന്തര്‍ ഉപ തെരഞ്ഞെടുപ്പ് ആംആദ്മിക്ക് വെല്ലുവിളി

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിടാന്‍ പോകുന്ന രണ്ടാമത്തെ വെല്ലുവിളിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്.
 

പഞ്ചാബിലെ ജലന്തര്‍ ലോക്‌സഭ മണ്ഡലത്തിലെ എംപിയായിരുന്ന സന്തോഷ് സിംഗ് ചൗധരി അന്തരിച്ചതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്ന അവസ്ഥാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിടാന്‍ പോകുന്ന രണ്ടാമത്തെ വെല്ലുവിളിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. അധികാരത്തിലെത്തിയതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിട്ട ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഗൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ശിരോമണി അകാലിദള്‍ എയാണ് ആംആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

സംഗൂരിലെ പോലെ തന്നെ കനത്ത വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പും ആംആദ്മി പാര്‍ട്ടിക്ക് ഉയര്‍ത്തുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 92 നിയോജക മണ്ഡലങ്ങളില്‍ വിജയിച്ചാണ് ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് ജലന്തര്‍ മണ്ഡലം. ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം 14 തവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചു. നാല് തവണയാണ് ഇവിടെ പരാജയപ്പെട്ടത്.