മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഓര്‍ത്തിരുന്നാല്‍ ജയില്‍ ശിക്ഷയില്‍ ഇളവ്; നിയമവുമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ

ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, സിഖ് തടവുകാര്‍ക്കുള്‍പ്പെടെ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിച്ച് ഓര്‍ത്തുവച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും
 
ശിക്ഷാ കാലാവധി മൂന്ന് മുതല്‍ ആറ് മാസം വരെയാണ് ഇത്തരത്തില്‍ കുറയുക

ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന തടവുകാരുടെ ശിക്ഷാ കാലാവധി ഇളവ് ചെയ്യാന്‍ പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പുതിയതായി അധികാരമേറ്റെടുത്ത ഭരണകൂടം. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, സിഖ് തടവുകാര്‍ക്കുള്‍പ്പെടെ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിച്ച് ഓര്‍ത്തുവച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. ശിക്ഷാ കാലാവധി മൂന്ന് മുതല്‍ ആറ് മാസം വരെയാണ് ഇത്തരത്തില്‍ കുറയുക

പുതിയ നിയമനിര്‍മാണത്തിനായുള്ള ശുപാര്‍ശ പഞ്ചാബിലെ ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹിക്ക് അയച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ലാം വിഭാഗത്തില്‍പ്പെട്ട തടവുകാര്‍ ഖുര്‍ആന്‍ ഓര്‍ത്തുവച്ചാല്‍ അവരുടെ ശിക്ഷാ കാലാവധി ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഇളവുചെയ്യുമെന്ന് പഞ്ചാബ് ജയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. സമാനമായ രീതിയിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ശിക്ഷാ കാലാവധി കുറച്ച് നല്‍കാനിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ബൈബിളും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ഭഗവത് ഗീതയും പഠിച്ച് ഓര്‍ത്തിരിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇത്തരത്തില്‍ പരമാവധി ആറ് മാസം മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ.