ഇന്ത്യ- റഷ്യ ബന്ധം അംഗീകരിക്കാനാകില്ല : മുന്നറിയിപ്പ് നൽകി യുഎസ്

 


വാഷിങ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്‌ഥാപിക്കുന്നത് കണ്ടുനിൽക്കാനാകില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്‌ഥാനമായ പെന്റഗൺ. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുൽസാഹപ്പെടുത്തുമെന്നും പെന്റഗൺ അറിയിച്ചു.

പ്രതിരോധ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയോടും മറ്റ് രാജ്യങ്ങളോടും വ്യക്‌തമാക്കിയിട്ടുണ്ട്. ഞങ്ങൾ അതിനെ കുറിച്ച് സത്യസന്ധത പുലർത്തുകയും അത് നിരുൽസാഹപ്പെടുത്തുകയും ചെയ്യും; പെന്റാണ് പ്രസ് സെക്രട്ടറി ജോണ് കിർബി പറഞ്ഞു. വെള്ളിയാഴ്‌ച വാഷിങ്‌ടണിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തത്തെ തങ്ങൾ വിലമതിക്കുന്നു. അത് മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് 2018 ഒക്‌ടോബറിൽ ഇന്ത്യ വ്യോമ പ്രതിരോധം വർധിപ്പിക്കുന്നതിനായി എസ്‌- 400 ട്രയംഫ് എയർ ഡിഫൻസ് മിസൈൽ സിസ്‌റ്റത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.

റഷ്യയിൽ നിന്ന് ഒരു ബാച്ച് എസ്‌- 400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയതിന് തുർക്കിക്കെതിരെ യുഎസ്‌ ഇതിനകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.