പതിറ്റാണ്ടുകളോളം ത്രിവര്‍ണ പതാകയെ അപമാനിച്ചവർ 'ത്രിരംഗ' പ്രചാരണം നടത്തുന്നു : രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളോളം ത്രിവര്‍ണ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ 'ത്രിരംഗ' പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ചരിത്രം അതിന് സാക്ഷിയാവുകയാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ഹുബ്ലിയില്‍ ത്രിവര്‍ണ പതാക നിര്‍മിക്കുന്ന ഖാദി വില്ലേജ് കേന്ദ്രം സന്ദര്‍ശിച്ചതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

'ഈ ത്രിവര്‍ണ പതാക എക്കാലവും ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷക്കണക്കിന് പൗരന്മാരാണ് സ്വന്തം ജീവിതം പോലും ത്യജിച്ചത്. എന്നാല്‍ ഒരു സംഘടന മാത്രം എല്ലാക്കാലത്തും ഈ പതാകയെ അംഗീകരിക്കാന്‍ മടിച്ചു. അവര്‍ നാഗ്പുരിലെ ആസ്ഥാനത്ത് 52 കൊല്ലം ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല പതിവായി പതാകയെ അപമാനിക്കുകയും ചെയ്തുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശവിരുദ്ധ സംഘടന എന്നാണ് രാഹുല്‍ ആര്‍എസ്എസിനെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ത്രിവര്‍ണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മന്‍കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.