ഗ്യാൻവാപി : അടുത്ത വാദം കേൾക്കൽ 18ന്

 

വാരാണസി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ല കോടതിയിലെ അടുത്ത വാദം കേൾക്കൽ ഈമാസം 18ന്. ഹിന്ദു വിഭാഗത്തിന്റെ വാദത്തിനുശേഷം തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ മുസ്‍ലിം വിഭാഗം ചോദിച്ച 15 ദിവസത്തെ സമയം അനുവദിച്ചാണ് കോടതി അടുത്ത വാദം കേൾക്കൽ 18 വരെ നീട്ടിയത്. പ്രധാന അഭിഭാഷകൻ മരിച്ചതിനാലാണ് മുസ്‍ലിം വിഭാഗം കൂടുതൽ സമയം ചോദിച്ചത്.

ഗ്യാൻവാപി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങളുണ്ടെന്നും ആരാധനക്ക് അനുമതി നൽകണമെന്നും കാണിച്ച് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയിൽ വിഡിയോ ചിത്രീകരണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ചിത്രീകരണത്തിനിടെ ശിവലിംഗം കണ്ടെത്തിയതായി വെളിപ്പെടുത്തലുണ്ടായി. എന്നാൽ, ഇത് അംഗശുദ്ധി വരുത്താനുള്ള സംവിധാനത്തിലെ ജലധാരയാണെന്ന് മുസ്‍ലിം വിഭാഗം വ്യക്തമാക്കി. തുടർന്ന് ജില്ല കോടതിയിൽ കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു.