ഗുജറാത്ത് കലാപ കേസ് ; മോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി തള്ളി

 

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയും മറ്റ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട് ചോദ്യം ചെയ്‌ത്‌ സാകിയ എഹ്‌സാൻ ജഫ്രി നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്‌സാൻ ജഫ്രിയുടെ ഭാര്യയാണ് സാകിയ. പ്രത്യേക അന്വേഷണ സംഘം 2012ൽ സമർപ്പിച്ച ഫൈനൽ റിപ്പോർട് സ്വീകരിക്കുകയും അതിനെ എതിർത്തുള്ള ഹരജി തള്ളുകയും ചെയ്‌ത മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.

ഹരജിക്ക് മെറിറ്റില്ല, അന്വേഷണത്തെ കുറിച്ചും അന്വേഷണ റിപ്പോർട് ശരിവെച്ച മജിസ്‌ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും നടപടികളെ കുറിച്ചും ഹരജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജഫ്രി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

2008 മാർച്ചിലാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള സമഗ്രാന്വേഷണത്തിന് സിബിഐ മേധാവി ആയിരുന്ന ആർകെ രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി രൂപം നൽകിയത്. ഈ സംഘമാണ് കേസെടുക്കാൻ പര്യാപ്‌തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഉൾപ്പെടെയുള്ളവർക്ക് ക്‌ളീൻ ചിറ്റ് നൽകിയത്.