പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

 

ദില്ലി:  പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ്  ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബിന്‍റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി ലക്ഷ്യമിടുന്നത്. 

ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും  അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടി ബിജെപി ലയിക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ,  അമരീന്ദര്‍ സിംഗ്  കക്ഷി രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് പറഞ്ഞത്.  അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുന്നത് അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ലയനത്തെക്കുറിച്ച് ബിജെപി ആസ്ഥാനത്ത് സംസാരിച്ച അമരീന്ദർ സിംഗ്, സെപ്തംബർ 12 ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സിംഗ് പറഞ്ഞു. "ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സമഗ്രവികസനം തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ച  അമിത് ഷായുമായി നടത്തിയെന്ന് സിംഗ് പറഞ്ഞു.

രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന സിംഗ് മുൻ പട്യാല രാജകുടുംബത്തിൽ പെട്ടയാളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോൺഗ്രസ് അദ്ദേഹത്തെ മാറ്റി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കി, എന്നാൽ ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയോട് (എഎപി) പാർട്ടിയോട് കോണ്‍ഗ്രസ് പരാജയപ്പെട്ടു. 

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാമത്തെ ലയനമാണിത്. ഇത്തവണ, അദ്ദേഹം തന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെ ബി ജെ പിയിൽ ലയിപ്പിച്ച ഇദ്ദേഹം അടുത്ത അനുയായികള്‍ക്കൊപ്പവും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. അമരീന്ദർ സിങ്ങിനൊപ്പം ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്. 

1992-ൽ അകാലിദളിൽ നിന്ന് പിരിഞ്ഞ് ശിരോമണി അകാലിദൾ (പന്തിക്) രൂപീകരിച്ച വ്യക്തിയാണ് അമരീന്ദര്‍ സിംഗ്. ഒടുവിൽ 1998-ൽ ഈ പാര്‍ട്ടിയെ കോൺഗ്രസുമായി ചേർന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു സീറ്റും നേടാനായില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകമായി പട്യാലയിൽ നിന്ന് അദ്ദേഹം തന്നെ പരാജയപ്പെട്ടു.

അന്‍പത്തിയെട്ട് ശതമാനം വരുന്ന സിഖ് ജനതക്കിടയില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ശിരോമണി അകാലിദള്‍ സഖ്യമുപേക്ഷിച്ചതിന്‍റെ ക്ഷീണം ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നും ബിജെപി കരുതുന്നു.