വെള്ളപ്പൊക്കം ; ജമ്മു കശ്‌മീർ ദേശീയപാതയിൽ കുടുങ്ങിയത്  ആയിരക്കണക്കിന് വാഹനങ്ങൾ 

 

ശ്രീനഗർ: ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ പ്രധാന റോഡുകൾ അടച്ചിരുന്നു. തീർഥാടന കേന്ദ്രമായ അമർനാഥ്‌ ഉൾപ്പടെയുള്ള താഴ്‌വരകളിൽ ശക്‌തമായ മഞ്ഞുവീഴ്‌ചയും ഉണ്ടായിരുന്നു. ഉദ്ധംപൂർ ജില്ലയിൽ സാംറോളിയിൽ ഹൈവേയോട് ചേർന്നുകിടക്കുന്ന റോഡ് മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും പെട്ട് ഒഴുകിപ്പോയി. റംബാനിൽ നിർമാണത്തിൽ ഉണ്ടായിരുന്ന പാലത്തിന് കേടുപാട് പറ്റി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം പല കുടുംബങ്ങളെയും ദുരിതത്തിലാഴ്‌ത്തി.

കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായതിനേക്കാൾ ശക്‌തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.