ഫാസിൽ വധക്കേസ് : മുഖ്യപ്രതി സുഹാസ് ഷെട്ടി വി.എച്ച്.പിയിൽ സജീവ സാന്നിധ്യമെന്ന് നേതാക്കൾ

 

മംഗളൂരു : കർണാടകയിലെ മുഹമ്മദ് ഫാസിൽ വധക്കേസിലെ മുഖ്യപ്രതി സുഹാസ് ഷെട്ടി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗ്ദൾ സംഘടനകളുടെ പരിപാടികളിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് വി.എച്ച്.പി നേതാക്കളുടെ സ്ഥിരീകരണം. ജൂ​ലൈ 28നാണ് സൂറത്ത്കലിൽ 23 കാരനായ ഫാസിൽ വെട്ടേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെട്ടി ഉൾപ്പെടെ ആറുപേരെ ആഗസ്റ്റ് രണ്ടിന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവ​രെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, വിഎച്ച്പി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുഹാസ് ഷെട്ടി പതിവായി വരാറുണ്ടായിരുന്നുവെന്ന് വി.എച്ച്.പിയുടെ മംഗളൂരു സെക്രട്ടറി ശരൺ പമ്പ്വെൽ 'ദി ക്വിന്റി'നോട് പറഞ്ഞു. "വി.എച്ച്.പി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുഹാസ് ഷെട്ടി വരാറുണ്ടായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിക്കുന്ന പരിപാടികൾക്ക് നിരവധി ഹിന്ദു യുവാക്കൾ എത്തുന്നുണ്ട്. ഷെട്ടി സംഘടനയിൽ അംഗമായിരുന്നില്ല' -ശരൺ പറഞ്ഞു.

സുള്ള്യയിൽ മസൂദ് എന്ന മലായി യുവാവിനെ ഒരുസംഘം മർദിച്ച് കൊന്നതോടെയാണ് ദക്ഷിണ കന്നഡയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് ഫാസിൽ ​കൊല്ല​പ്പെട്ടത്.