ഹനുമാൻ ജയന്തിക്കിടെ ഡൽഹിയിൽ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ

 

ന്യൂഡെൽഹി: ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചോളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു.

സംഭവത്തിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പോലീസുകാരും ഒരു സിവിലിയനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ബാബു ജഗ്‌ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ശനിയാഴ്‌ച വൈകിട്ട് ആറോടെയുണ്ടായ അക്രമത്തിൽ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് അറിയിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചു.

സംഭവത്തിലെ മുഖ്യപ്രതികളെ കണ്ടെത്തുന്നതിനായി ഡെൽഹി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.