കന്നുകാലികളെ റോഡിൽ ഉപേക്ഷിച്ചതിന് ഉടമക്ക് ആറുമാസം തടവുശിക്ഷ

 

അഹമ്മദാബാദ്: കന്നുകാലികളെ റോഡിൽ ഉപേക്ഷിച്ചതിന് ഉടമക്ക് ആറുമാസം തടവുശിക്ഷ. പശുക്കളോ റോഡിൽ ഇറക്കിവിട്ട് ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനാണ് പ്രകാശ് ജയറാം ദേശായി എന്നയാൾക്ക് കോടതി ശിക്ഷ വിധിച്ചത്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനെത്തിയ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാൾക്ക് രണ്ട് വർഷത്തെ തടവും വിധിച്ചു.

2019 ജൂലൈ 27 ന് ഷാപൂർ ദർവാജക്ക് സമീപത്തെ ശാന്തിപുര ഛപ്രയ്ക്ക് സമീപം അഞ്ച് പശുക്കൾ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് അധികൃതർ ദേശായിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾ ജീവനക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെക്കൊണ്ട് ഇവരെ പിടികൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐപിസി സെക്ഷൻ 308, 289, 186, 506(2), ഗുജറാത്ത് പോലീസ് ആക്‌ട്, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് ദേശായിക്കെതിരെ കേസെടുത്തത്.