ഹൗറയിൽ കോൺഗ്രസ് എംഎൽഎമാരുടെ കാറിൽ നിന്ന് കോടികൾ കണ്ടെത്തി

 

പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്ക് പിന്നാലെ ഹൗറയിലും കോൺഗ്രസ് എംഎൽഎയുടെ വാഹനത്തിൽ നിന്ന് കോടികൾ കണ്ടെത്തി. ജാർഖണ്ഡ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് വൻതോതിൽ പണം പിടിച്ചെടുത്തത്. എംഎൽഎമാർ കാറിൽ പണവുമായി വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാഹനം ദേശീയ പാതയിൽ തടഞ്ഞു നിർത്തിയത്.

ജംതാര എംഎൽഎ ഇർഫാൻ അൻസാരിയുടെ ബോർഡ് പതിച്ച എസ്‌യുവിയുടെ ബൂട്ടിൽ നിന്നാണ് കോടികൾ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന 3 എംഎൽഎമാർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തട്ടുണ്ട്. ഇത് ആരുടെ പണമാണ്, എവിടെയാണ് കൊണ്ടുപോയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എംഎൽഎമാരെ ചോദ്യം ചെയ്തുവരികയാണ്.

പണം എണ്ണി തിട്ടപ്പെടുത്താൻ യന്ത്ര സഹായം വേണ്ടി വന്നതായി ഹൗറ (റൂറൽ) പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിടിച്ചെടുത്ത വാഹനം ജാർഖണ്ഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സംസ്ഥാന പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരും ഒരേ സംസ്ഥാനക്കാരാണെന്നും എസ്പി സ്വാതി ഭംഗലിയ കൂട്ടിച്ചേർത്തു.