"ആസാദി കാ അമൃത്" : പാർലമെന്റിലേക്ക് റാലി നടത്തി എംപിമാർ

 

ദില്ലി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാർലമെന്റിലേക്ക് റാലി നടത്തി എംപിമാർ. ചെങ്കോട്ട മുതൽ പാർലമെന്റ് വരെ ത്രിവർണ പതാക വഹിച്ചായായിരുന്നു യാത്ര. യാത്രയിൽ നിന്ന് പ്രതിപക്ഷ എംപിമാർ വിട്ടു നിന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്ന് ബിജെപി വിമർശിച്ചു.

സാംസ്കാരിക മന്ത്രാലയത്തിൻറെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ റാലി. ചെങ്കോട്ടയിൽ നിന്ന് ത്രിവർണ പതാകയേന്തി ബൈക്കിൽ പാർലമെന്റ് മന്ദിരം വരെ നടന്ന റാലി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. രാജ്യം പുരോഗതിയിലേക്കുള്ള കുതിപ്പിലാണെന്നും, സ്വാതന്ത്ര്യം നേടിത്തന്ന ധീര സമര സേനാനികളെ നന്ദിയോടെ ഓർക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

എല്ലാ പാർട്ടികളിലെയും അംഗങ്ങൾ റാലിയിൽ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അഭ്യർത്ഥിച്ചിരുന്നുവെങ്കിലും കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ റാലിയിൽ നിന്ന് വിട്ടു നിന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തിയത് ശരിയായില്ലെന്ന് ബിജെപി എംപിമാർ വിമർശിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ 'ഹർ ഘർ തിരംഗ' എന്ന പേരിൽ 13 മുതൽ എല്ലാ വീട്ടിലും പതാക ഉയർത്താനുള്ള ആഹ്വാനം കേന്ദ്ര സർക്കാർ നല്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടായിരുന്നു എംപിമാരുടെ റാലി.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനായി സംസ്ഥാനത്ത് 50 ലക്ഷം ത്രിവർണ പതാകകൾ നിർമിക്കും. 700 തയ്യൽ യൂണിറ്റുകളിലായി നാലായിരത്തോളം പേർ പതാക നിർമാണത്തിൽ പങ്കാളികളാകും എന്ന് കുടുംബശ്രീ വ്യക്തമാക്കി. പ്രതിദിനം മൂന്ന് ലക്ഷം പതാകകളാകും ഇത്തരത്തിൽ കുടുംബശ്രീ നിർമിക്കുക.  ഈ പതാകകൾ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കും. 20 മുതൽ 120 രൂപ വരെ വില ഈടാക്കിയാകും വിൽപന. സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീട്ടിലും പതാക ഉയർത്തും.