അമരീന്ദർ സിങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് ബി.ജെ.പിയിൽ ലയിക്കും

 

ചണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് (പി.എൽ.സി) ഇന്ന് ബി.ജെ.പിയിൽ ചേരും. ഡൽഹിയിൽ ഇന്ന് നടക്കുന്ന പാർട്ടി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ചരൺജിത് സിങ് ചന്നിയെ നിയമിച്ചതിനെ തുടർന്നാണ് സിങ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചത്.

ഡൽഹിയിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കഴിഞ്ഞാഴ്ച സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

പഞ്ചാബിൽ വർധിച്ച് വരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്റെ സമഗ്രവികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ അമിത് ഷായുമായി ചർച്ച നടത്തിയതായി സെപ്റ്റംബർ 12ന് കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ചികിത്സക്ക് വേണ്ടി ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പാർട്ടിയെ ബി.ജെ.പിയുമായി ലയിപ്പിക്കാൻ അമരീന്ദർ സിങ് ആഗ്രഹിച്ചിരുന്നതായി പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് ഹർജിത് സിങ് ഗ്രെവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് തവണയാണ് അമരീന്ദർ സിങ് കോൺഗ്രസ് പിന്തുണയോടെ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലിരുന്നത്. സിങ് കോൺഗ്രസിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങി. 117 സീറ്റിൽ 92 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തി. കോൺഗ്സിന് ലഭിച്ചത് വെറും 18 സീറ്റുകൾ മാത്രമാണ്.