ട്വിറ്ററിൽനിന്ന് 'മന്ത്രി' സ്ഥാനം നീക്കി ആദിത്യ താക്കറെ 

 

മുംബൈ : മഹാരാഷ്ട്രയിലെ സഖ്യ സർക്കാറിനെ വീഴ്ത്താൻ ശിവസേന വിമതൻ ഏക് നാഥ് ഷിൻഡെ നീക്കം ശക്തമാക്കിയതോടെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് 'മന്ത്രി' എന്ന വിവരണം നീക്കം ചെയ്തു. ഇതോടെ, മന്ത്രി സഭ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

45 എം.എൽ.എമാർ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ ശിവസേന വിമത നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ, സഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ കാണുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്ര ഗവർണർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഗോവ ഗവർണറെ കാണുന്നത്. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങൾക്ക് ഇല്ലെന്ന് ഗോവ രാജ്ഭവൻ വ്യക്തമാക്കി.

ഗുവാഹത്തി റെഡിസൻ ബ്ലു ഹോട്ടലിലാണ് വിമതസംഘം കഴിയുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് എം.എൽ.എമാർ അസമിലെ ഗുവാഹത്തിയിലെത്തിയത്. താക്കറെയുടെ ഹിന്ദുത്വയുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് ഗുവാഹത്തിയിൽ എത്തിയ ഷിൻഡെ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാറിൽ പ്രതിസന്ധി തുടരുകയാണ്. ഹിന്ദുത്വയുടെ പേരിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിൻഡെ എംഎൽഎമാരുമായി സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലേക്കാണ് ആദ്യം മാറിയത്.

ബാൽതാക്കറെയോട് കൂറുള്ള ശിവസൈനികനായ താൻ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിൻഡെ പറയുന്നു. എന്നാൽ, ശിവസേനയെ പിളർപ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.

അതിനിടെ, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കൾ വിമത നേതാവ് ഏക് നാഥ് ഷിൻഡെയെ കണ്ട് രണ്ടു മണിക്കൂർ ചർച്ച നടത്തി. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഏക് നാഥ് ഷിൻഡെ പാർട്ടി എം.എൽ.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.