യുപിയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് 14കാരന്‍, പിടിയില്‍

പുലര്‍ച്ചെയായിരുന്നു കുഞ്ഞിനെ കാണാനില്ലെന്ന കാര്യം കുടുംബം അറിയുന്നത്.

 

പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പതിനാലുകാരന്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പതിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പുലര്‍ച്ചെയായിരുന്നു കുഞ്ഞിനെ കാണാനില്ലെന്ന കാര്യം കുടുംബം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്ന് 500 മീറ്റര്‍ മാറി കുഞ്ഞിനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനാ ഫലം അടക്കം ഇനിയും ലഭിക്കാനുണ്ട്.

പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രദേശവാസികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം കുഞ്ഞിന്റെ ബന്ധുകൂടിയായ 14 കാരനിലേക്ക് എത്തുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി ഗോരഖ്പൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പാട്ടില്‍ നിമിഷ് ദശരഥ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതി കുഞ്ഞിനെ പീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചത്. പിന്നാലെ പ്രതി വീട്ടിലേക്ക് മടങ്ങി. പുലര്‍ച്ചെ കുഞ്ഞിനെ തിരയാന്‍ കുടുംബത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിരവധി അശ്ലീല വീഡീയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.