ഇന്‍ഡോറില്‍ മലിനജലം കുടിച്ച് 8 പേര്‍ മരിച്ച സംഭവം ; ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി 

 

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏത് വലിയ പദവിയിലുളളവര്‍ ആയാലും': കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

 

മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും വെറുതെവിടില്ല.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ച് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ് വര്‍ഗീയ. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്‍ഡോറിലെ ഭഗീരത്പുര പ്രദേശത്ത് മലിനജലം കുടിച്ച് അസുഖബാധിതരായി ഒരാഴ്ച്ചയ്ക്കുളളില്‍ എട്ട് പേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിജയ് വര്‍ഗീയയുടെ മണ്ഡലത്തിലാണ് ഭഗീരത്പുര.

'തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അതിനേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതിലും പ്രാധാന്യം എല്ലാ രോഗബാധിതരും സുഖംപ്രാപിക്കുന്നതിനാണ് നാം നല്‍കേണ്ടത്. മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും വെറുതെവിടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏത് വലിയ പദവിയിലുളളവര്‍ ആയാലും': കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

'ഭഗീരത്പുരയില്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ച രോഗികളുടെ എണ്ണം കുറഞ്ഞു. നാല് ആംബുലന്‍സുകളും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലും ശ്രീ ഔറോബിന്തോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ രോഗികളുടെയും ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും';മന്ത്രി വ്യക്തമാക്കി.