ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ പൂട്ടിയത് 75 സര്‍ക്കാര്‍ സ്‌കൂളുകള്‍

നിലവില്‍ പല സ്‌കൂളുകളും ഷിഫ്റ്റ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

 


പരിതാപകരമായ അവസ്ഥയിലുള്ള പല സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു വിദ്യാര്‍ത്ഥി പോലും ചേര്‍ന്നിട്ടില്ല.

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍. പഠിക്കാനായി കുട്ടികള്‍ എത്താത്തതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ പൂട്ടേണ്ടി വന്നതെന്ന് നിയമസഭയില്‍ ഗുജറാത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി 21വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.


പരിതാപകരമായ അവസ്ഥയിലുള്ള പല സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു വിദ്യാര്‍ത്ഥി പോലും ചേര്‍ന്നിട്ടില്ല. നിലവില്‍ പല സ്‌കൂളുകളും ഷിഫ്റ്റ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോത്രമേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. ഖാന്‍പൂര്‍ , കാവന്ത് , പോഷിന താലൂക്കുകളില്‍ വന്‍ കൊഴിഞ്ഞുപോക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയാണ് കുട്ടികള്‍. അധ്യാപകരുടെ ക്ഷാമവും സ്‌കൂളുകളില്‍ നേരിടുന്നുണ്ട്.
മൂന്ന് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനായി ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. കുട്ടികളുടെ കൊഴിഞ്ഞുപോക്കും അധ്യാപകരുടെ ക്ഷാമവും തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.