45കാരനായ ഡോക്ടറെ ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ , മകന്‍ ഗുരുതരാവസ്ഥയില്‍ ; ഡോക്ടറായ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താല്‍മോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 

ധാര്‍വാഡിലെ അതീവ സുരക്ഷയുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

45കാരനായ ഡോക്ടറെ ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകിലെ ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരണ്‍ ഹൊനണ്ണവര്‍ (45) ആണ് കൊല്ലപ്പെട്ടത്. എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താല്‍മോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ധാര്‍വാഡിലെ അതീവ സുരക്ഷയുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവ സമയത്ത് പുറത്തുനിന്ന് ആരും ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്ന് ഹുബ്ലി-ധാര്‍വാഡ് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചത്. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍ എന്നിവര്‍ മാത്രമാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഡോ. കിരണിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബന്ധുക്കള്‍ വിളിച്ചപ്പോഴെല്ലാം ഭര്‍ത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും കിരണിനെ ഫോണില്‍ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഫ്‌ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്‌ലാറ്റിലെ രണ്ട് മുറികളിലായാണ് ഡോക്ടറുടെ മൃതദേഹവും പരിക്കേറ്റ കുട്ടിയും ഉണ്ടായിരുന്നത്.
ഫ്‌ലാറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇരു കുടുംബങ്ങളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.