നിരോധനം മറികടന്ന് പാകിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്തത് 364 ടണ്‍ ഈന്തപ്പഴം

പാകിസ്ഥാനില്‍നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ ഇന്ത്യയില്‍ നിരോധനമുണ്ട്.

 

13 കണ്ടെയ്‌നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്നുകോടിയോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിരോധനം മറികടന്ന് പാകിസ്ഥാനില്‍നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടണ്‍ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചെടുത്തു. ?ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്നാണ് പാകിസ്ഥാനില്‍നിന്ന് കൊണ്ടുവന്ന ഈന്തപ്പഴം പിടികൂടിയത്. 13 കണ്ടെയ്‌നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്നുകോടിയോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാകിസ്ഥാനില്‍നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ ഇന്ത്യയില്‍ നിരോധനമുണ്ട്. ഇത് മറികടന്നാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. അധികൃതരെ കബളിപ്പിക്കാനായി യുഎഇയില്‍നിന്നുള്ള ഈന്തപ്പഴമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കണ്ട്‌ല തുറമുഖത്തെ പരിശോധനയില്‍ ഇത് പിടികൂടുകയായിരുന്നു.

പാകിസ്ഥാനില്‍നിന്ന് ആദ്യം ദുബായില്‍ എത്തിച്ച ഈന്തപ്പഴം അവിടെവെച്ച് മറ്റ് കണ്ടെയ്‌നറുകളിലേക്ക് മാറ്റിയെന്നും ഇതിനുശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, രേഖകളില്‍ ഉറവിടമായി രേഖപ്പെടുത്തിയിരുന്നത് യുഎഇ എന്നായിരുന്നു. പാകിസ്ഥാനില്‍നിന്നുള്ള ഇറക്കുമതിക്കുള്ള നിരോധനം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.