വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 26 വയസ്സുകാരി ജീവനൊടുക്കി
ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 26 വയസ്സുകാരി ജീവനൊടുക്കി.
തനിക്ക് മുൻപ് നാല് കാമുകിമാരുണ്ടായിരുന്നുവെന്നും താൻ മദ്യത്തിന് അടിമയാണെന്നും ഷാജഹാൻ വെളിപ്പെടുത്തിയിരുന്നു.
കടപ്പ : ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പ്രതിശ്രുത വരൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 26 വയസ്സുകാരി ജീവനൊടുക്കി. വീട്ടിലാണ് പ്രതിശ്രുത വധു രഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനും ബംഗളൂരുവിലെ ടെക്കിയുമായ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 15-നായിരുന്നു രഹാനയും കടപ്പ സ്വദേശിയായ ഷാജഹാനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഓഗസ്റ്റില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.മരണത്തിന് മുൻപ് രഹാന എഴുതിയ 12 പേജുള്ള കുറിപ്പില്‍ ഷാജഹാൻ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.
തനിക്ക് രഹാനയോട് ഒട്ടും ഇഷ്ടമില്ലെന്നും ഒരു തരത്തിലുള്ള വൈകാരിക ബന്ധവും തോന്നുന്നില്ലെന്നും ഷാജഹാൻ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്. തനിക്ക് മുൻപ് നാല് കാമുകിമാരുണ്ടായിരുന്നുവെന്നും താൻ മദ്യത്തിന് അടിമയാണെന്നും ഷാജഹാൻ വെളിപ്പെടുത്തിയിരുന്നു.
പിതാവിന്റെ നിർബന്ധപ്രകാരമാണ് വിവാഹത്തിന് സമ്മതിച്ചതെന്നും അതിനാല്‍ രഹാന തന്നെ മുൻകൈയെടുത്ത് ഈ വിവാഹം മുടക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഷാജഹാന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം രഹാനയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിച്ചുവെന്ന് കുടുംബം ആരോപിച്ചു.
ഷാജഹാനെ നേരിട്ട് കണ്ട് സംസാരിക്കാൻ ശ്രമിച്ച രഹാനയോട് തനിക്ക് അവളോട് വെറുപ്പാണെന്നാണ് അയാള്‍ പറഞ്ഞത്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദിയായ ഷാജഹാന് കടുത്ത ശിക്ഷ നല്‍കണമെന്ന് രഹാനയുടെ മാതാപിതാക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.